Sunday, June 11, 2017

ജൂൺ മഴ....
സമയം നാലുമണി കഴിഞ്ഞിരിക്കുന്നു . തന്റെ പ്രിയപ്പെട്ട ഗ്രാമഫോണിനരികിൽ ഒരു കപ്പ് കാപ്പിയുമായി കലേശ്വർ ഇരുന്നു .
ഈയിടെയായി എന്തെന്നറിയാത്ത ഒരു നിസ്സംഗത അയാളെ അലട്ടുന്നുണ്ടായിരുന്നു .
ജൂണിലെ പിശറൻ മഴക്കാലം . നാലുമണിക്ക് പതിവുപോലെ ഉഗ്രനൊരു മഴ ഒരുങ്ങിവരുന്നു.

താഴെ ചെമ്മൺ പാതയുടെ അങ്ങേഅറ്റം ഇരുണ്ടുമൂടി . ശക്തിപ്രാപിച്ചുവന്ന ഒരു കാറ്റ് തുളസിത്തറയിലെ പിച്ചി ച്ചെ ടിയെ ആകെ ഉലച്ചുകൊണ്ടിരുന്നു.

ഇമ വെട്ടാതെ അല്പസമയം ആ കാഴ്ച തന്നെ നോക്കിയിരുന്നു കലേശ്വർ .

കയ്യൊന്നു നീട്ടി ഗ്രാമഫോൺ റെക്കോർഡിലേക്ക് നീഡിൽ വെച്ച് കാപ്പി കുടിച്ചുതീർത്ത് കസേരയിലേക്ക് ചാഞ്ഞിരുന്നു അയാൾ .

" ഫൂൽ   തുമേ ഭേജാ ഹെ ഘത്ത് മേം......."
മെല്ലെ ഒഴുകി വന്ന ഗാനം ഓർമകളുടെ വസന്തത്തിലേക്കു പിൻവിളിച്ചു .

മറ്റു ജോലികളൊക്കെ തീർത്ത് മൈത്രീ ഗാർഡനിൽ സന്ദർശകർക്കൊരുക്കിയിരിയ്ക്കുന്ന  വള്ളിക്കുടിലിൽ  സമയം കഴിക്കുമ്പോൾ ഒരിളം കാറ്റുപോലെ രഞ്‌ജിനി നനഞ്ഞ കുടയുമായി വന്നു കയറി.

താളാത്മകമായി ചുവടുവെയ്ക്കുന്ന അവളെ നോക്കി നിൽക്കുമ്പോൾ മനസ്സിലേക്കോടിയെത്തിയത് ബിരുദ ക്‌ളാസ്സിലെ വിശ്വനാഥൻ സാറിന്റെ നളചരിത വർണനയാണ് 
 " വിധു മുഖിയുടെ രൂപ മധുരിത ....."

" ഹോ ... മഴ കുറയ്ക്കുമെന്നാണ് തോന്നുന്നത് ...!"

ലാക്ടോ കലാമിന്റെ മൃദു സുഗന്ധം ഓർമ്മിച്ചെടുക്കുമ്പോൾ ചന്ദ്രുവിന്റെ ആത്മ ഗതം ....
അയയിൽ വിരിച്ചിരുന്ന വസ്ത്രങ്ങൾ പെറുക്കി വരുന്ന വഴിയാണ് . 
അയാളെ കടന്നു പോകുമ്പോൾ 
" നനഞ്ഞുപോയാലും തുണിയൊന്നെടുക്കരുത് , ഞാൻ തന്നെ വരണം ...."
അയാളെ ഒന്ന് നോക്കിചന്ദ്രു  അകത്തേയ്ക്കു നടന്നു.

അപ്പോൾ ഗാർഡൻ ഏകദേശം ശൂന്യമായിരുന്നു .
മഴക്കാലമായതിനാൽ ആളുകൾ വളരെ കുറവ് .

രഞ്ജിനി വന്നു അയാൾക്കരികിലിരുന്നു .
" ഹായ് .."
" ഹായ് " 
അയാൾ പ്രതിവചിച്ചു .

ഇളം ചോക്ലേറ്റ് നിറമുള്ള സ്വർണ താലൂക്കുകൾ പിടിപ്പിച്ച ചുരിദാറിൽ കൂടുതൽ മനോഹാരിയായിരുന്നു അവൾ .

ഇളം ചുണ്ടുകൾക്കരികിലേയ്ക്ക് മുത്തുമണിപോലെ ഒരു നീർക്കണം ഒഴുകിയിറങ്ങി .

ദൂരെ  ചക്രവാളത്തിലേയ്ക്ക് ചാഞ്ഞ സൂര്യൻ ഒളിഞ്ഞു   നോക്കുന്നതുപോലെ നേർത്ത സിന്ദൂരച്ഛവി പടർത്തി.

" എന്താ ഇത്ര ആലോചന "
അവൾ ചോദിച്ചു .
അയാൾ ഒന്നും പറഞ്ഞില്ല.
അവളുടെ ചുമലിലേക്ക് കൈവെച്ചുകൊണ്ടു അയാൾ അല്പം കൂടി ചേർന്നിരുന്നു .

" നീ ആകെ നനഞ്ഞല്ലോ ...?"
പെട്ടെന്ന് ഓർമ്മിച്ചെടുത്ത് പോലെ പോക്കറ്റിൽ നിന്നും 'കിസ്മി ' എടുത്തു അവൾക്കു നേരെ നീട്ടി .
പകുതി  പൊട്ടിച്ചു അയാളുടെ ചൊടികളിലേയ്ക്ക് വെച്ചുകൊടുത്ത് അവൾ പറഞ്ഞു.
'താങ്ക്സ് "...
പിന്നെ നാളെത്തെ ബ്രേയ്ക്ക് ഫാസ്റ്റ് ഒരുമിച്ച് എന്റെ വീട്ടിൽ..
ഓക്കേ...
സമ്മതം മൂളുമ്പോൾ അയാൾ അവളെത്തന്നെ നോക്കിയിരുന്നു.
പിറ്റേന്ന്
സ്വയംകൃതമായ ഒരു സ്പെഷൽ ഡി ഷുമായാണ് അയാളെത്തിയത്.
അമ്മയുടെയും, മുത്തശ്ശിയുടേയും കൈപ്പുണ്യം ചാലിച്ചു ചേർത്ത ഒരു തനി നാടൻ വറത്തരച്ചു കറി.
കേരളീയ ശൈലി ഭക്ഷണം എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു.

പിരിയാൻ നേരം അയാൾ ചോദിച്ചു.....
"എനിക്കെന്താ തരിക...?"
ഒരു നിമിഷം നിന്നശേഷം അവൾ അയാൾക്കരികിലേക്കോടിയെത്തി , മോണിക്കയും മറ്റും ആർത്തു ചിരിയ്ക്കുന്നതിനിടെ അയാളെ ഗാഢം പുണർന്ന്  മധുരചുംബനം നൽകി.
എല്ലാവരും നിർന്നിമേഷരായി നിൽക്കെ ,ഒരു നവോഢ യേപ്പോലെ അയാൾ ലജ്ജിതനായിപ്പോയി..

ഇപ്പോൾ സന്ധ്യമയങ്ങിയിരുന്നു.
നിലവിളക്ക് കൊളുത്തിയിരിക്കുന്നു..
മഴ ശക്തമായി പെയ്യുന്നുമുണ്ട്. 
ഓർമ്മകൾ ഉണർത്തിയ ആ ഇളം കാറ്റ് അവിടവിടെ ചുറ്റിപ്പറ്റി നിൽക്കുന്നുമുണ്ട്....!