Friday, January 27, 2012

നഷ്ടപ്പെടുവാന്‍ മാത്രമായി ഒരു നേടല്‍ ..!

 നഷ്ടപ്പെടുവാന്‍ 
മാത്രമായി ഒരു നേടല്‍   ..! 
അതായിരുന്നൂ 
കലേശ്വറിനു കോമള   !
ഇനി  ഒരി ക്ക ലും  
തമ്മില്‍ കാണുവാന്‍ കഴിയില്ല എന്ന് 
മനസ്സിലാക്കിയ   ദിവസം 
കലേശ്വര്‍ ഉറങ്ങിയതേ ഇല്ല...!
അവള്‍ തന്നില്‍ എത്രമാത്രം 
സ്വാധീനം  ചെലുത്തിയിട്ടുണ്ട് 
എന്ന് അയാള്‍ തിരിച്ചറിഞ്ഞ 
ദിവസം കൂടി ആയിരുന്നു അന്ന്..

ആദ്യ ദിവസം മുതല്‍ ഓരോരോ 
സംഭവങ്ങളും മനസ്സിലേക്കോടി എത്തി..

മടിയില്‍ പാതി മടങ്ങിയിരുന്ന 
നോവല്‍ കസേരയില്‍ വച്ച്  
കലേശ്വര്‍ പടിപ്പുരയിലേക്ക്‌     
ഒന്ന് നോക്കി

അപ്പുറം ഇളം ചുവപ്പാര്‍ന്ന 
ചക്രവാളവും 
മണ്ണിന്റെ മദിപ്പിക്കുന്ന   
നിറം അപ്പാടെ മായിച്ചു കളഞ്ഞു
കറുപ്പിന്റെ പുതപ്പണിയിച്ച 
ടാര്‍ റോഡും,
എത്രയോ സന്ധ്യകളില്‍
അത്യുത്സാഹത്തോടെ 
ഓടി എത്തി പ്രണയ   
പാരവശ്യത്തിന്റെ
ആത്മഗതങ്ങളും നെടുവീര്‍പ്പുകളും
കൊണ്ട് പൊതിഞ്ഞു 
ഹൃദയം ഹൃദയത്തിനു
നല്‍കിയ സമ്മാനം ഏറ്റുവാങ്ങിയ 
തുളസിത്തറയും..ചേര്‍ന്ന 
ദൃശ്യം ...
ഒരു കുളിരും ഒപ്പം 
ഒരു നടുക്കവും 
അയാളില്‍ ഉണര്‍ത്തി ...




  
  

          

    


Monday, January 23, 2012

കലേശ്വര്‍ ..ജീവനില്‍ തന്നെ കൊത്തിവച്ച  ..പേര്.


 എന്നും.. 
കുളിരുന്ന 
സന്ധ്യകളിലും, പൊരി യുന്ന  
വേനല്‍  രാവുകളിലും,
ഏകാന്തതയുടെ നോവിക്കുന്ന 
ദിവസങ്ങളില്‍..
കലേശ്വര്‍..
ഗത കാല സ്മരണകളില്‍ 
ലയിച്ചിരിക്കും..

ഒരു തൂവല്‍ സ്പര്‍ശം പോലെ അയാളുടെ 
ജീവിതത്തില്‍ വന്നു പോയ 
ലാസ്യ മനോഹരിയായ 
രണ്ജിനിയും...
ഒരു കൊടുങ്കാറ്റു പോലെ 
പോയ്മറഞ്ഞ 
മദാലസയായ ...
ഇന്ദുവും..

എങ്കിലോ..
സ്ത്രൈണതയുടെ 
മനോഹാരിത മുഴുവന്‍ 
അയാള്‍ക്ക്  പകര്‍ന്നു നല്‍കിയ...
ഒരു ജീവിതം മുഴുവന്‍ ഒന്നിച്ചു   ജീവിച്ചു
തീര്‍ക്കാന്‍ കൊതിച്ച 
കോമള...
തൃപ്പൂണിത്തുറ വംശം 
ഇളംതലമുറ 
കൊച്ചുതമ്പുരാട്ടി...

അയാളുടെ സര്‍വ വഷളത്തരങ്ങളും...
അറിഞ്ഞു കൊണ്ട്  ...
അയാളിലേക്ക്   അലിഞ്ഞിറങ്ങിയ 
കോമളം കൃഷ്ണ വര്‍മ...
കോമള..
ആ പേര്...
കലേശ്വര്‍ ..
ജീവനില്‍ തന്നെ കൊത്തിവച്ചു...
പൂക്കളിലും ...
നക്ഷത്രങ്ങളിലും...
കാണാന്‍ കൊതിച്ചു...
അവള്‍
 തന്‍റെ വികാരങ്ങളില്‍  
പെയ്തിറങ്ങുമ്പോള്‍..
കഥകള്‍ കേട്ടിരിക്കുംപോള്‍..
അലസമായ   
ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍..
മദ്യപിച്ചതിന് പിണങ്ങി ഇരിക്കുമ്പോള്‍..
സിഗരട്ട്  കയ്യില്‍   നീന്നു  വാങ്ങി 
എറിഞ്ഞു ..വേദനിപ്പിക്കാതെ ചെവിക്കു  
നുള്ളുമ്പോള്‍ ..

ഒരു വേഴാമ്പലിനെ 
വാങ്ങിത്തരാമോ   എന്ന് ചോദിച്ചതിന് 
കളിയാക്കിയപ്പോള്‍ 
ഒരാഴ്ച മിണ്ടാതെ നടന്നപ്പോള്‍...
അവളുടെ ഗന്ധമാണ് 
സ്ത്രീയുടെ ഗന്ധം 
എന്ന് തിരിച്ചറിഞ്ഞിട്ടും ....

അവളില്ലാതെ ഒരു ദിവസം പോലും 
കഴിയാന്‍ ആവില്ല എന്ന് 
ഒരു നൂറ്‌ ആവര്‍ത്തി 
ഉരുവിട്ടുറപ്പിച്ചിട്ടും   
 ഏന്തേ 
കോമള കലേശ്വറിന്റേതായില്ല  ...
  ഉത്തരമില്ലാത്ത  ആ ചോദ്യത്തിനു    
മുന്‍പില്‍ ഒന്ന് പകച്ചു പോയി 
അയാള്‍...

മെല്ലെ വീശുന്ന കാറ്റില്‍  
തുളസിത്തറയിലെ തുളസിയും 
ചന്ദ്രക്കല പോലെ 
പിച്ചിയും മത്സരിച്ചാടി   ....
  
സന്തൂറും,  ലാക്ടോ കലാമിനും 
ചേര്‍ന്ന മൃദുവായ ഗന്ധം 
കലേശ്വറിനെ ചുറ്റി കടന്നു പോയി..
    
ഇങ്ങിനി വരാത്ത വണ്ണം 
മറഞ്ഞ ആ സന്ധ്യകളെ   ഓര്‍ത്തു  കൊണ്ട്

കഭീ... കഭീ... യില്‍ മുഴുകി
കലേശ്വര്‍ കണ്ണുകള്‍ അടച്ചു.....

   
.
   













    
   





  

Sunday, January 22, 2012

മറ്റൊരു സുവര്‍ണ   കാലം.

പതിവ്  പോലെ 
ആറ് മണിയോട്  അടുത്ത് 
കലേശ്വര്‍ തന്റെ പ്രിയപ്പെട്ട 
മൂലയില്‍  വന്നിരിക്കുമ്പോള്‍ 
സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു
"തെക്കന്‍ ചായ്വാണ്‌...
നേരത്തെ സന്ധ്യ ആകും ..."
അകത്തു നിന്നും 
വലിയമ്മ പറയുന്നത് പോലെ 
അയാള്‍ക്ക്‌ തോന്നി..

ഒന്നും ചെയ്യുവാന്‍ ബാക്കി 
ഇല്ലാത്ത ഒരു നിസ്വന്‍  ...
എന്താണ്..
പ്രതീക്ഷിക്കേണ്ടത്.......
       
പ്രിയപ്പെട്ട എന്തോ ഒന്ന് 
അകന്നുപോയത്‌.....
ഇനി ഒരിക്കലും സ്വന്തമാക്കാന്‍ 
കഴിയില്ല എന്ന് ബോധ്യമുള്ള 
ഒന്നിനെ വിടചൊല്ലി പിരിയല്‍
എന്താണ് ഇവിടെ സംഭവിക്കുന്നത്‌...

ഇല്ല..... ഈ അടുത്ത കാലത്തെങ്ങും 
അങ്ങനെ ഒന്ന് അയാളുടെ ജീവിതത്തില്‍ 
ഉണ്ടായിട്ടില്ല...
പിന്നെ എന്താണ് 

കോമള ഒരിക്കല്‍
കളിയാക്കി ചോദിച്ചത് പോലെ
" കുറെ പെണ്ണുങ്ങളും അവരുമായി 
ചേര്‍ന്ന് ചില സ്വപ്നങ്ങളും...
ഇയാളെന്താ ഖുശ്വന്ത്‌ സിംഗ് ആണോ...
ഒരു സഖിമാരും ഞാനും 
എഴുതാമോ..."

പ്രവാസത്തിനു  വിരാമമിടാന്‍ തീരുമാനിച്ചു 
മുപ്പത്തി ഒന്ന് വര്‍ഷം മുന്‍പു ആണ് 
എറണാകുളത്തിന്റെ 
മായിക ലഹരിയില്‍  അയാള്‍   
മുങ്ങിപ്പോയതു . ...

റവന്യു വകുപ്പില്‍ ക്ലാര്‍ക്ക് ആയി
ഉദ്യോഗത്തില്‍ പ്രവേശിച്ച 
കാലം....

അത് അയാളുടെ ജീവിത ത്തിലെ  
മറ്റൊരു സുവര്‍ണ   കാലം...
ആയിരുന്നു......

അവിടെയാണ് കലേശ്വറിന്റെ     ജീവിതത്തെ 
ആകെ മാറ്റി മറിച്ച.......
തീവ്ര അനുരാഗവും, 
അനുഭൂതികളും,  വിവാഹവും
എല്ലാത്തിനും സാക്ഷി ആയ  
മറൈന്‍ ഡ്രൈവും ......










Saturday, January 21, 2012

സ്നേഹത്തിന്റെ അടയാളം ..

ബോഗന്‍ വില്ലച്ചുവട്ടില്‍ 
സൈഗാളിന്റെ രാജകുമാരിയെ 
ഉറക്കി കഴിഞ്ഞാണ്
അന്ന് കലേശ്വര്‍ പതിവ് 
സ്ഥാനത്ത്  നിന്നും 
എഴുന്നേറ്റത്.
പ്രണയാതുരമായ ഭൂതകാലത്തിലേക്ക്
ഒന്ന് പോയി വന്നതിന്റെ നിര്‍വൃതിയോടെ 
കുറെ സമയമായി 
തുളസി ത്തറക്കരുകില്‍     
പതറി നിന്നിരുന്നു 
അയാളുടെ നോട്ടം.

മഞ്ഞു വീണു തണുത്ത കാറ്റ് 
മെല്ലെ വീശി അടിച്ചപ്പോള്‍ 
പിന്നെയും ആ നവരാത്രി 
വന്നെത്തി.....

അന്ന് മോണിക്ക പറഞ്ഞു 
പോയതിന്റെ പിറ്റേന്ന് 
സന്ധ്യയാപ്പോള്‍ തന്നെ 
കലേശ്വര്‍ 
മാനസികമായി തയ്യാറെടുത്തു 
കഴിഞ്ഞിരുന്നു..

അല്പം മടിച്ചു മടിച്ചാണ് 
സദസ്സിലേക്ക് അയാള്‍ കയറിച്ചെന്നത്‌ 

ഒരു വര്‍ണ പ്രപഞ്ചം പോലെ 
സുന്ദരികളുടെ ഒരു കൂട്ടം..
പരിചിത മുഖങ്ങള്‍ തിരയുമ്പോള്‍
തോളില്‍ തട്ടി 
മെല്ലെ ഒരു "ഹല്ലോ"...
കേട്ടു. തിരിഞ്ഞപ്പോള്‍ 
മോണിക്ക.. 
വരവ്  പ്രതീക്ഷില്ല, എന്തെങ്കിലും 
കാരണം  പറഞ്ഞു കളയുമോ 
എന്ന് ഭയപ്പെട്ടു എന്ന് അവള്‍ പറഞ്ഞു...

മോണിക്കയുടെ കൂടെ 
ഇളം ചെമ്മണ്ണിന്റെ നിറത്തില്‍ 
സ്വര്‍ണ കസവുള്ള തനി ഉത്തരേന്ത്യന്‍  
ദാവണിയില്‍...
അവള്‍ 
രഞ്ജിനി....

ഔപചാരികതയെന്നോണം
മോണിക്ക പറഞ്ഞു.. 
ഇത് ......
  " മാലും "
അയാള്‍ ഇടയ്ക്കു കയറി പറഞ്ഞു ...

ആഹാ... ഐസ  ഹെ തോ ഇസ്കി ക്യാ നാം ഹെ?

മോണിക്ക ചോദിച്ചു.
      
"രഞ്ജിനി...."
ഗുഡ് കൈ കൊട്ടിക്കൊണ്ട് 
മോണിക്ക പറഞ്ഞു.
."മഗര്‍ പൂര നാം ബോലോന..."
അയാള്‍ ഒന്ന് ചിരിച്ചതെ ഉള്ളു..

കവിത പോലെ എന്ന് 
പിന്നീട് അയാള്‍ തന്നെ രണ്ജിനിയോടു 
പറഞ്ഞ മധുര ശബ്ദത്തില്‍ 
"രഞ്ജിനി ചക്രവര്‍ത്തി "
എന്ന് രഞ്ജിനി തന്നെ 
പറഞ്ഞു....

ഒരു തമാശക്കെന്നോണം 
അല്പം കുനിഞ്ഞു 
കൈ വണങ്ങി
   " ആപ് കി ജയ് ഹോ... 
നാക്ക് പിണഞ്ഞതോ..എന്തോ..
"മേരി ജാന്‍"     
 എന്ന്    അയാള്‍ കൂട്ടിച്ചേര്‍ത്തു..
അത് അന്നേ ഹൃദയത്തിലാണ് 
കൊണ്ടതെന്ന് 
പിന്നീട് രഞ്ജിനി 
അയാളോട് പറഞ്ഞു...

പിന്നീടങ്ങോട്ട്...
എത്രയെത്ര സന്ധ്യകള്‍..
 റൂമില്‍ നിന്ന് കൂട്ടുകാരന്റെ 
ടിക്കറ്റ്‌ ശരിയാക്കാന്‍, 
ബെര്‍ത്ത്‌ ഡേ പാര്‍ട്ടിക്ക് ,
മറ്റൊരു കമ്പനിയില്‍ ആപ്ലിക്കേഷന്‍ 
കൊടുക്കാന്‍, എസ് ടി ഡി വിളിക്കാന്‍ 
എന്നൊക്കെ പറഞ്ഞു മുങ്ങി
പാര്‍ക്കിലോ സിനിമക്കോ 
രണ്ജിനിയും ഒത്തു പോവുക        
ഒരു പതിവായി..

മൈത്രീ ഗാര്‍ഡനില്‍ ഐസ് ക്രീം 
നുണഞ്ഞു ഇരിക്കുമ്പോള്‍        
അയാളുടെ കരവലയത്തില്‍ 
സുരക്ഷിതയായി ഒരു പ്രാവിനെപ്പോലെ
 കുറുകി അവള്‍ ചോദിച്ചു..

" ആപ്കി ഫാമിലി സ്വീകാര്‍ നഹി കിയ തോ 
മേം ക്യാ കരൂം..?"

കൃത്യമായ ഒരു ഉത്തരം 
കയ്യില്‍ ഇല്ലാതിരുന്നത് കൊണ്ട് 
കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തത്
പറയരുത് എന്നാ വ്യാജേന 
ഒരു മുത്തം കൊണ്ട് 
അവളുടെ ചുണ്ടുകള്‍ പൂട്ടി..

 അവളുടെ കവിളുകളില്‍ 
ഒരു നനവ്‌ പടരുന്നത്‌ 
അറിഞ്ഞിട്ടും അറിയാത്ത പോലെ 
അയാള്‍ വിഷയം മാറ്റി...

കലേശ്വറിന്റെ കാമനകളില്‍ എന്നും 
നിറഞ്ഞു നിന്നിരുന്ന 
ഒരു തേങ്ങലോട്  കൂടി  മാത്രം അയാള്‍ക്ക്‌
ഓര്‍ക്കാന്‍ കഴിയുന്ന രഞ്ജിനി 
ഒട്ടൊക്കെ അയാള്‍ മറന്നു കളഞ്ഞ 
രഞ്ജിനി...

സമൃദ്ധമായ യൌവനം...
അയാള്‍ക്ക്‌ മുന്നില്‍ അടിയറ വെക്കാന്‍ 
അങ്ങനെ ജീവിതത്തില്‍ എന്നെന്നേക്കും 
ഒരു ദുഃഖം ഏറ്റു വാങ്ങാന്‍ തയ്യാറായ 
രഞ്ജിനി...

ഇന്നും ഒന്ന് കാതോര്‍ത്താല്‍ അയാള്‍ക്ക്‌ 
അവളുടെ കാതരമായ ശബ്ദം കേള്‍ക്കാം..
ലിപ് സ്റ്റിക്കിന്റെ ഗന്ധവും രുചിയും 
കലര്‍ന്ന അധരങ്ങള്‍ നുണയാം...
അയാളുടെ കവിളും കൂടി നനച്ചു
കൊണ്ടൊഴുകിയ അശ്രുകണങ്ങള്‍
ഉണര്‍ത്തിയ ഓര്‍മയാലെന്ന പോലെ
അയാള്‍ കയ്യുയര്‍ത്തി 
കവിള്‍ ഒന്ന് തുടച്ചു...

പരിശുദ്ധ സ്നേഹ ബന്ധത്തിന്റെ അടയാളം 
കാത്തു വച്ചിരിക്കുന്ന 
കവിളില്‍ തൊടാന്‍
"കൃഷ്ണനായ" ..
ആ പേര് കോമാളിന്റെ സമ്മാനമാണ്..
നിനക്കെന്തധികാരം എന്നാ മട്ടില്‍
നരച്ചു തുടങ്ങിയ താടി രോമങ്ങള്‍ 
ആവുന്നത്ര ശക്തിയില്‍ 
അയാളുടെ കയ്യില്‍ കുത്തി നോവിച്ചു....

ഇനിയും വായിച്ചു മതിയാവാത്ത
"കാവേരിയുടെ വിളി" യുമായി
ഉറങ്ങാന്‍ ശ്രമിക്കാന്‍ 
അയാള്‍ കിടക്കയിലേക്ക് ചാഞ്ഞു...
     

   

   

   













   

Wednesday, January 18, 2012

മോണിക്കയുടെ നവരാത്രി സമ്മാനം 
ഉറക്കം വരാത്ത രാത്രികളിലെല്ലാം
പുസ്തകത്ത്തെയോ..
വര്‍ത്തമാന സദസ്സുകളെയോ ആണ് 
കലേശ്വറിനു ആശ്രയിക്കാനുണ്ടായിരുന്നത്..

മറക്കണം എന്ന് ഓര്‍ക്കാറുണ്ടായിരുന്നു 
എങ്കിലും മറവി അയാളെ
 അനുഗ്രഹിക്കാറില്ലായിരുന്നു.

അയാളുടെ ഓര്‍മ്മകള്‍ 
എല്ലാം ഒരു പത്തു മുപ്പത്തി 
അഞ്ചു വര്‍ഷം പുറകിലേക്ക്
 നയിക്കുകയും...
അവിടെത്തന്നെ ചുറ്റിപ്പറ്റി 
നിര്‍ത്തുകയും
ചെയ്യൂന്നവയായിരുന്നു...

ഹൃദയത്തില്‍ അഗാധമായ
വേദന നല്‍കുന്ന ആ ഓര്‍മകളില്‍ 
മുങ്ങിത്താഴുന്നതും ഒരിക്കല്‍ 
ഒരു ഹരമായിരുന്നു..
     
വാര്‍ധക്യത്തിന്റെ 
പടിവാതില്‍ക്കല്‍ 
നിന്നിരുന്ന അമ്മയെയും,
 മുത്തശ്ശിയെയും
വീട്ടില്‍ തനിച്ചാക്കി
അയാളുടെ പ്രവാസം ആരംഭിച്ചു...

ആദ്യമൊക്കെ...
സ്വന്തം വീടിന്റെ മണം, 
അമ്മയുടെയും മുത്തശ്ശിയുടെയും 
വിളിയൊച്ച... ഒക്കെ 
കലേശ്വരിന്റെ
കണ്ണ് നിറച്ചിട്ടുണ്ട്..
പുറത്തു കാണുന്ന 
തന്റേടിയായ 
കലേശ്വരില്‍ നിന്നും..
ആര്‍ദ്ര ഹൃദയനായ
കലെശ്വരിലേക്ക്
അത്ര വലിയ ദൂരമൊന്നുമില്ല
എന്ന് അടുത്ത സുഹൃത്തുക്കള്‍ 
പോലും അറിഞ്ഞിരുന്നില്ല...

ഗൃഹാതുരത്വവും  യൌവന 
തീക്ഷണതയും 
തമ്മില്‍ നടന്ന മത്സരത്തില്‍ 
പലപ്പോഴും യൌവനം തന്നെ
 ആണ് ജയിച്ചത് ....

കണ്ടു വളര്‍ന്ന   
മലയാളി  പെണ്ണുങ്ങളുടെ സ്ഥാനത്ത് 
മദാലസകളായ തരുണികളുടെ 
സാമീപ്യം അയാള്‍ വളരെ ആസ്വദിച്ചു..

ഒരു ഭാരത പര്യടനത്തിനു ശേഷം 
കലേശ്വര്‍ എത്തിപ്പെട്ടത് 
വഡോദര എന്ന 
നഗരത്തിലാണ്....

ഉദ്ദേശിച്ചത് പോലെ 
നാട്ടിലേക്ക് പണമയക്കാന്‍
ഒരു ജോലി തരപ്പെട്ടു
എന്നതിലും ഉപരി
ആസ്വാദനത്തിന്റെ 
ഒരു പുതിയ മേഘല
തുറന്നു കിട്ടിയതിന്റെ 
ആവേശത്തിലായിരുന്നു
കലേശ്വര്‍....

ബിരുദ പഠന കാലത്ത്
നിറഞ്ഞാടിയിരുന്ന
വേഷങ്ങള്‍ക്ക്  ....
വീണ്ടും വേദിയൊരുങ്ങി...

ബാച്ചിലര്‍ ഓണഘോഷമോ..
പുതു വര്‍ഷമോ...
വിഷുവോ ...
എന്തായാലും 
ആട്ടവും പാട്ടുമായി..
മദ്യസേവയോടെ...
ഉത്സവമാക്കി..

ഒരുമിച്ചു കൂട്ടുകാരോടൊത്ത്‌
താമസിക്കുമ്പോഴും..
ആരുമറിയാതെ 
ഒരു ലഹരിയായി 
കൊണ്ടുനടന്നിരുന്നു 
ചില പരിചയങ്ങള്‍...


 രഞ്ജിനി ചക്രവര്‍ത്തി എന്ന 
സുന്ദരിയെ കണ്ടു മുട്ടുന്നത് 
വരെ, അസാമാന്യ വാക്ചാതുരി 
കൊണ്ട് അവളെ  വീഴ്തുന്നത് വരെ
ഇന്ദു  ഉണ്ടാക്കിയ മുറിവ് .
അയാളുടെ മനസ്സില്‍ 
ഉണങ്ങിയിരുന്നില്ല.

ഒരിക്കല്‍  കേടായ മോപെട്
നന്നാക്കി... കൊടുത്തു..
സാധാരണ ആണുങ്ങളെ പ്പോലെ 
ആ പേരും പറഞ്ഞു
ഒരിക്കല്‍ പോലും 
രണ്ജിനിയോടു സംസാരിക്കാന്‍ 
അയാള്‍ ശ്രമിച്ചില്ല.

ഒരിക്കല്‍ നവരാത്രി 
വിളക്കുകള്‍  കണ്ടു  
ടെറസില്‍ നിന്നിരുന്ന 
അയാളുടെ അടുത്ത്
ഒരു നിയോഗം പോലെ          
ആ ഹൌസിംഗ് കോളനിയിലെ  
സകലരുടേയും...... 
ഉറക്കം നഷ്ടപ്പെടുത്തുന്ന   
മോണിക്ക ഒഴുകി എത്തി ...

ബി ആന്‍ഡ്‌ ബിയുടെ    
മാസ്മര ഗന്ധം പരത്തി 
മോണിക്ക  
എത്തിയ പ്പോള്‍  
അയാള്‍ ആദ്യം ഒന്ന് 
അമ്പരന്നു..
  
കാരണം പുലര്‍ച്ചെ  
ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ 
ഒരു ഇളം നീല അമേരിക്കന്‍  
ജോര്‍ജെറ്റു സാരിയില്‍
വന്ന മോണിക്കയെ 
അയാള്‍ ബസ്‌ എത്തുന്നത് വരെ 
ആസ്വദിച്ച് കാണുകയായിരുന്നു

മുഖവുര ഇല്ലാതെ  
മോണിക്ക പറഞ്ഞത് 
നാളെ ഞങ്ങളുടെ 
നവരാത്രി പൂജക്ക്‌
വരണം എന്നാണ്...


ആദ്യമായി 
ഒരു പെണ്ണിന്റെ അടുത്ത്    
വിക്കി വിക്കി അയാള്‍ ചോദിച്ചു 
"എവിടെ..".

ലാസ്യമായ ഒരു ചിരിയോടെ 
അവള്‍ പറഞ്ഞു..
" ഓര്‍ കിധര്‍ ..മേരി ഘര്‍ പെ" 
"സരൂര്‍  ആനാ"
എന്ന് ഉറപ്പിച്ച്‌ 
അവള്‍ പിന്‍വാങ്ങി..
പിന്നെ ഒന്ന് തിരിഞ്ഞു നോക്കി 
പ്രണയാതുരമായ ഒരു ചിരിയോടെ
"ദേര്‍ ഈസ്‌ എ സര്‍പ്രൈസ്  ഫോര്‍ യു" 
എന്ന് പറഞ്ഞ്‌..
കൈ വീശി ഓടി ഇറങ്ങി അവള്‍ 
ഇരുട്ടില്‍ മറഞ്ഞു..

അയാള്‍, അവള്‍ എന്തിനാണ് തന്നെ 
വിളിച്ചത് എന്ന്  ഓര്‍ത്തു 
അല്‍പനേരം  
അവിടെ നിന്നിട്ട് മുറിയിലെത്തി. 


രണ്ടു മണി അടിക്കുന്നത് 
കേട്ടപ്പോള്‍  ആണ് 
ഇത്രയും സമയം 
താനുറങ്ങുക അല്ലായിരുന്നു എന്ന്
കലേശ്വര്‍ ഓര്‍മിച്ചത്‌...

വായിച്ചുറങ്ങാന്‍ വേണ്ടി 
"നോത്ര്ദാമിലെ  കൂനന്‍"
എടുത്തു അയാള്‍ ചാരിക്കിടന്നു.    


         














     











   





  




     
    
       

 


  

Tuesday, January 17, 2012


ബുജികളും കലേശ്വറും പിന്നെ  ഇന്ദുവും...
വിശാലമായ അടുക്കളയില്‍
ഇരുപത്തി ആറ് വര്‍ഷം മുന്‍പ്
വച്ചിരുന്നത് പോലെ എല്ലാം
ഭദ്രം...!
ആകെ അയാള്‍ എടുക്കുന്നത്
വെള്ളം തിളപ്പിക്കുന്ന ഒന്ന് രണ്ടു
പാത്രങ്ങള്‍ മാത്രമാണ്.
ചന്ദ്രു കൂടെയുണ്ടായിരുന്നപ്പോള്‍
അവള്‍ അടുക്കളയില്‍ എന്താണ് ചെയ്തിരുന്നത്
എന്ന് അയാള്‍ ശ്രദ്ധിച്ചിരുന്നില്ല.
പക്ഷെ  അവള്‍ ഇല്ലാത്ത   സമയത്ത് ഒരിക്കല്‍
ഒന്ന്   പാചകം ചെയ്യാന്‍ അയാള്‍ ശ്രമിച്ചതാണ്
എല്ലാം കഴിഞ്ഞപ്പോള്‍ അടുക്കള ഒരു യുദ്ധക്കളം
പോലെ ആയി...
അന്ന് സ്വയം പാചകം ഉപേക്ഷിച്ചു

ഫ്ലാസ്കില്‍ നിന്നും കുറച്ചു വെള്ളം എടുത്തു
ആറി തണുത്തിരുന്ന ചോറിലേക്ക്‌ ഒഴിച്ച്
കഞ്ഞി എന്ന് സമാധാനിച്ചു
മെല്ലെ കഴിച്ചു..
അല്ല കുടിച്ചു..
എവിടെയോ പോവാനുന്ടെന്നപോലെ
നിന്ന് കൊണ്ട്
അച്ചാറോ ഉപ്പു പോലുമോ ചേര്‍ക്കാതെ
ഒരു വഴിപാടുപോലെ.....
തിരികെ കിടപ്പറയിലേക്ക്  
നടക്കുമ്പോള്‍ ഒന്നും ചെയ്തു തീര്‍ക്കാന്‍ ഇല്ലാത്ത  
നിസ്വന്റെ ഭാവമായിരുന്നു അയാള്‍ക്ക്‌.

അറിയാതെ  എന്നോണം
വീണ്ടും പുറത്തിറങ്ങി തുളസി തറയെ
നോക്കുവാന്‍ അയാളുടെ മനസ്സ്
വെമ്പി...
എന്തിനാണ് ഇനിയും
പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നത്...
കിടക്കയിലേക്ക് മെല്ലെ ചാഞ്ഞുകൊണ്ട്
കലേശ്വര്‍ ഓര്‍ത്തു...

ജീവിതത്തിലെ നല്ലൊരു പങ്കും
തുലച്ചുകളഞ്ഞ ഒരു മണ്ടന്‍ എന്ന്
ഒരു തോന്നല്‍...

എന്നാണ് ഈ തുളസിത്തറ
ജീവിതത്തില്‍ ഇത്ര സ്വാധീനം
ചെലുത്താന്‍ തുടങ്ങിയത്...

ആര്‍ത്തുല്ലസിച്ചു നടന്ന പഠന കാലവും
ആ സന്തോഷവും മനസ്സിലേക്ക് ഓടിയെത്തി...
അന്നും വീട്ടില്‍ ഹിന്ദി മാത്രം സംസാരിച്ചിരുന്നത്
കൊണ്ട് മലയാളി ബുജികളായി   കോളേജില്‍
വിലസിയിരുന്നവരുടെ കൂടെ
കൂടാന്‍ കുറച്ചു സമയം എടുത്തു...
വാശിക്ക് വീട്ടിലിരുന്നു
സി   രാധാകൃഷ്ണനെയും , മലയാറ്റൂരിനെയും  
എം മുകുന്ദനെയും സി വി   രാമന്‍  പിള്ളയെയും .
ഒക്കെ വായിച്ചു തീര്‍ത്തു
ചങ്ങമ്പുഴ, ഇടശ്ശേരി കവിതകള്‍
കാണാതെ പഠിച്ചു...
മലയാളം ഹിന്ദി പോലെ അനായാസമായി
വഴങ്ങാന്‍ തുടങ്ങിയപ്പോഴാണ്
സൌഹൃദ സദസ്സുകളില്‍
കലേശ്വര്‍ ശ്രദ്ധിക്കപ്പെടുന്നത് ...

അയാള്‍ തന്നത്താന്‍ പലപ്പോഴും
വിലയിരുതിയിട്ടുളത് പോലെ
അത്ര നിഷ്കളങ്കനായിരുന്നില്ല
യൌവ്വനത്തില്‍ (ഇപ്പോഴും)
അയാള്‍

ആറാം ക്ലാസ്സില്‍  വെച്ച്
കണ്ടുമുട്ടിയ
ബോര്‍ഡിംഗ് സ്കൂള്‍ പ്രോടക്റ്റ്  ആയ,
ആദ്യമായി പ്രേമ ലേഖനം കൊടുത്ത..
മെര്‍ലിന്‍ ഫെര്നണ്ടസ് മുതല്‍
മാര്‍ഗെരറ്റ് താച്ചര്‍  വരെ
ഈ ലോകത്തിലെ സകല പെണ്ണുങ്ങളെയും
കാമിച്ച്..സ്വന്തമാക്കാന്‍ ആഗ്രഹിച്ച
അതി തീക്ഷ്ണമായ യൌവനകാലത്തു
ഒരിക്കല്‍ ലൈബ്രറി മൂലയില്‍
അത്ര അപ്സര സുന്ദരി ഒന്നുമല്ലാത്ത
ആദ്യത്തെ കാമുകിയെ
കലേശ്വര്‍ കണ്ടു മുട്ടി...

വിപ്ലവ പ്രേമം മനസ്സില്‍ 
ഹരമായിരുന്ന
അക്കാലത്ത് ഒരു ക്രിസ്ത്യന്‍
പെണ്‍കുട്ടിയെ പ്രേമിച്ചു കല്യാണം
കഴിക്കുക
എന്നതായിരുന്നു
അയാളുടെ ഒരു രഹസ്യ മോഹം!

പരിച്ചയപ്പെട്ടവള്‍ ക്രിസ്ത്യന്‍  ആണ് എന്നും
പേര് ആന്‍സി എന്നും അറിഞ്ഞപ്പോള്‍
അയാള്‍ക്ക്‌   സന്തോഷമായി...
പക്ഷെ....

ഉള്ളില്‍   നിറയുന്ന വിപ്ലവം പുറത്തു കാട്ടാനുള്ള
പ്രായവും ധൈര്യവും...
ഇല്ലാതെ പോയി....

നാല് മാസ പ്രേമം
തവിട് പൊടിയായി....
അങ്ങനെയിരിക്കെ ആണ്..
ഇന്ദു... കലെശ്വരിന്റെ ജീവിതത്തില്‍
ഒരു തീയെരിച്ചു...
കടന്നു പോയത്...
ഇടക്കുള്ള മറ്റു സുന്ദരിമാരുടെ കഥ
അയാള്‍ ഓര്‍ക്കാറില്ല...

അവസാന വര്‍ഷ ബിരുദ ക്ലാസില്‍
നവാഗതര്‍ക്ക്..
സ്വീകരണം കൊടുക്കുന്നതിനിടയിലാണ്...
"അവള്‍ക്കെഴും താരണി വേണിമാത്രം
എന്‍  നേര്‍ക്കിളം പുഞ്ചിരിയിട്ടിരുന്നു"
എന്ന കവി വാക്യത്തെ അനുസ്മരിപ്പിച്ച
പാവാടക്കാരി കലെശ്വരിന്റെ 
സ്വപ്നങ്ങളിലേക്ക്
കുതിച്ചെത്തിയത്...


ഒരു ഗംഗ പ്രവാഹം പോലെ 
ദ്രുതവും, ശക്തിമത്തും , തീവ്രവും ആയ 
ഒരു പ്രണയ കാലം..
അതേ ദ്രുതഗതിയില്‍ അവള്‍ 
അയാളുടെ സ്വപ്നങ്ങള്‍ക്ക് 
ചിതയൊരുക്കി കടന്നു പോവുകയും 
ചെയ്തു...


പഴയ എന്ജിനീയരുടെയും 
പ്രൈമറി സ്കൂള്‍ ടീച്ചറുടെയും മകന്‍
എന്ന് പരിചയക്കാര്‍  കാണുന്നപോലെ,
 സമ്പന്നതയുടെ നടുവില്‍ നിന്ന് വന്ന 
ഇന്ദുവിന് കാണാന്‍ കഴിഞ്ഞില്ല.
സ്ഥിരം  ക്ലീഷേകളിലെ ദുരന്ത 
നായകനെപ്പോലെ ഒരു ദരിദ്രന്‍ ആയെ     
അവള്‍ അയാളെ കണ്ടുള്ളൂ.


അയാളുടെ മന സന്ഘര്‍ഷങ്ങളുടെ കഥ
അവിടെ ആരംഭിച്ചു...
പഠനത്തിനു ശേഷം 
ചേച്ചിയുടെ യും അനിയത്തിയുടെയും  
വിവാഹം .....
അതിനുവന്ന ബാധ്യതകള്‍ അങ്ങിനെ 
അങ്ങിനെ... പല  പ്രശ്നങ്ങള്‍..
എല്ലാറ്റിനുമുപരി....
അച്ഛനെവിടെ എന്ന സമസ്യക്കുത്തരം
കണ്ടെത്തല്‍.  


ഒടുവില്‍ മനസ്സില്ലാമനസ്സോടെ.
പിതാമഹന്മാരുടെ നാട്ടിലേക്ക്.....    
ഉത്തര്‍ പ്രദേശ്‌ .... ...


ഒരു ട്രെയിനിന്റെ ചൂളം വിളി 
മനസ്സിലുയരുമ്പോഴേക്ക്
കലേശ്വര്‍ ...
അര്‍ദ്ധനിദ്രയിലേക്ക്..
ആണ്ടുപോയി.....














    
  


   


 
    


 
.

      


  

Monday, January 16, 2012

ബേപ്പൂര്‍ സുല്‍ത്താന്റെ ഗ്രാമഫോണ്‍

 ബേപ്പൂര്‍ സുല്‍ത്താന്റെ ഗ്രാമഫോണ്‍
പോലൊന്ന് അയാളുടെ അടുത്തും
ഇരിക്കുന്നുണ്ട് .
സൈഗാളും,  റാഫിയും ,യേശു ദാസും,  കിഷോറും,
ലതയും എല്ലാം, അയാളുടെ വിരസതക്ക്
കൂട്ടാകാറുണ്ട്        .
പഴയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
ഒരു  പതിനെട്ടു കാരനെ പ്പോലെ
കാല്‍പനിക ലോകത്തിലേക്ക്‌ അയാള്‍
പറന്നുയരും
ഇനി ഒരിക്കലും വരാത്ത ആ നല്ല
ദിവസങ്ങള്‍ ഓര്‍ത്തു നെടുവീര്‍പ്പിട്ടു,
ഇടനെഞ്ചിനു താഴെ നിന്ന് ഹൃദയ
സ്തംഭനത്തോളം എത്തുന്ന പറയാനാവാത്ത
സങ്കടക്കടലില്‍
നീന്തി..... നീന്തി മെല്ലെ ഒരു മയക്കത്തിലേക്ക്‌  ....
സ്വപ്നങ്ങളോ...
നാല്പത്തി അഞ്ചോളം വര്‍ഷങ്ങള്‍ക്കു പുറകിലേക്ക്
വലിച്ചിഴച്ചു ഏടത്തിയുടെ അല്ലെങ്കില്‍ അനിയത്തിയുടെ,
അമ്മയുടെ അതുമല്ലെങ്കില്‍ സ്വന്തം  ഏതെങ്കിലും
ദുരനുഭവത്തിന്റെ ചുഴിയില്‍ വലിച്ചെറിഞ്ഞു
പിന്‍ വാങ്ങിക്കളയും  ..
ഇപ്പോള്‍ പൂര്‍ണമായും ഇരുട്ട് മൂടിയ
പടിപ്പുരയും അതില്‍ ഒരു നിഴല്‍ പോലെ
തുളസിത്തറയും.
പിച്ചി പൂവിനു എന്ത്  പറ്റിയെന്നു
ഈയിടെയായി അയാള്‍ ആലോചിക്കാറില്ല ..

ഉച്ചക്ക് ഒറ്റയ്ക്ക് ഇരുന്ന്‌ ഊണ് കഴിക്കുമ്പോഴും
ചെറു  മയക്കത്തിനു ശേഷം ഫ്ലാസ്കില്‍ നിന്നും
കട്ടന്‍ പകര്‍ന്നു കുടിക്കുമ്പോഴും
ഒറ്റക്കായി പോയതിന്റെ വിരോധം
ആരോടും തോന്നിയിട്ടില്ല

മകന്‍ കുഞ്ഞായിരിക്കുമ്പോള്‍
കട്ടന്‍ കാപ്പി നോട്ടി നുണഞ്ഞു  കുടിച്ചതോ..
ചന്ദ്രിക ഉച്ചമയക്കതിനിടയില്‍
വിളിച്ചുണര്‍ത്തി തന്ന "നാല് മണി കാപ്പിയോ "
പ്രായാധിക്യത്തിന് ഇടയിലും അമ്മ തന്ന
"ബെഡ് കാപ്പിയോ"
ഒക്കെയായി സ്വയം സങ്കല്പിച്ചു
ആ കാപ്പി കുടി.

മനസ്സില്‍ തുടിച്ചുപോങ്ങുന്ന
ആകാംക്ഷയോടെ ചെറു ലൈറ്റുമായി കലേശ്വര്‍
പടിപ്പുരയിലേക്ക്‌ നടന്നു ...
അടുതെതുന്നത് വരെ  മനപ്പൂര്‍വം
അയാള്‍ ഒന്നും കണ്ടില്ല 


കയ്യിലിരുന്ന ലൈറ്റിന്റെ വെളിച്ചത്തില്‍
വാടിതുടങ്ങിയ ആ പിച്ചി പൂ
കലേശ്വറിനെ നോക്കി
ചിരിച്ചു  .


കയ്യൊന്നു   നീട്ടാന്‍   തുടങ്ങിയതാണ്‌..
ഒരു പിന്‍ വിളി പോലെ
അയാള്‍ തിരിച്ചു നടന്നു...
തന്റെ കര്‍മങ്ങളുടെ ഉദകക്രിയ
പോലെ......
അറിയാതെ പോകുന്ന  അല്ല എങ്കില്‍ 
ത്രിണവല്‍  ഗണിക്കപ്പെടുന്ന തന്റെ
ആത്മ നൊമ്പരങ്ങളുടെ 
സാക്ഷിപത്രം  കണക്കെ
ആ പൂവിനേയും
പുറത്തു നിറഞ്ഞു പരക്കാന്‍ തുടങ്ങുന്ന
പൂനിലാവിനേയും,
കുളിര്‍ കാറ്റിനെയും വിട്ടു   
തുളസി തറയിലേക്കു 
ഒന്ന്   തിരിഞ്ഞു നോക്കി,
ഉറങ്ങുവാനുള്ള ശ്രമത്തിനു
കലേശ്വര്‍ അകത്തേക്ക്  നടന്നു....
.








.






     

Friday, January 13, 2012

-തുളസിക്കല്ലില്‍  തിരി പോലെ ഒരു പിച്ചിപ്പൂ.

കയ്യിലിരുന്ന ബ്ലാക്ക്‌ ടി ഗ്ലാസ്‌ കാലിയാക്കി താഴെ
വെച്ച് സിഗരട്ട് പായ്ക്ക് എടുത്തു
കലേശ്വര്‍   ഒന്നിളകി ഇരുന്നു.......
അസ്തമന സൂര്യന്റെ ചെങ്കിരണങ്ങള്‍
തുളസിതറയെ ചുവപ്പ് അണിയിച്ചിരിക്കുന്നു.
ഇനി ഇന്നത്തെ കാത്തിരിപ്പിന് വിരാമാമിടാം...
അയാള്‍ മനസ്സിലോര്‍ത്തു.
കഴിഞ്ഞ ഇരുപത്തി ആറ്‌ വര്‍ഷമായി
മാറ്റമില്ലാതെ തുടരുന്നതാണ് കലേശ്വര്‍  ഈ
ദിനചര്യ!
ചെഞ്ചായം പൊതിഞ്ഞ തുളസിക്കല്ലില്‍
കത്തി നില്‍ക്കുന്ന തിരി പോലെ ഒരു പിച്ചിപ്പൂ....
അത് കലെശ്വരിന്റെ സ്വപ്നമാണ്...........
ജീവിതമാണ്......പ്രതീക്ഷയോ...പ്രചോതനാമോ  ഒക്കെ
ആണ്..!
ആരും കൂടെയില്ലാതെ ആ വലിയ വീട്ടില്‍
അയാള്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് നീണ്ട
ഇരുപത്തി  ആറ്‌ വര്‍ഷങ്ങള്‍  ആയി..
വിഭാര്യനല്ല !
ഭാര്യയും മക്കളും ഉണ്ട്...
ഭാര്യ മകളുടെ രണ്ടാമത്തെ പ്രസവത്തിനു
തുണ പോയതാണ്.
മകന്‍ ഉദ്യോഗാര്‍ഥം സകുടുംബം ന്യൂ ഡല്‍ഹിയിലാണ്
രാവിലെ   ഉണര്‍ന്നു കുളിച്ചു
മെല്ലെ നായരെട്ടന്റെ
ചായക്കടയിലേക്ക്.....
പുട്ട്...... ഇടിയപ്പം....
സിഗരട്ട്, മുറുക്കാന്‍ ഒക്കെ
വാങ്ങി  തിരിയെ....
സ്വസ്ഥമായി കാപ്പികുടി കഴിഞ്ഞു....
ഒന്ന് മുറുക്കി
പ്രിയപ്പെട്ട ഏതെങ്കിലും
പുസ്തകവുമായി...
ചാരുകസേരയില്‍....
ഇരിക്കുന്നതിനു മുന്‍പ്
 ഫ്ലാസ്കില്‍ കട്ടന്‍ കാപ്പി
വെള്ളം ഒക്കെ അടുത്ത്  ടീപ്പോയില്‍   തയ്യാറായിരിക്കും

 .

 



Thursday, January 12, 2012

തുളസിത്തറയിലെ തെച്ചി
ഒന്നും നേടാനല്ലാതെ
ഒരു കാത്ത് ഇരിപ്പ് 
സന്ധ്യ മയങ്ങുകയാണ്
വംഗ ദേശത്ത് നിന്നും പണ്ടെങ്ങോ പൂര്‍വ
പിതമാഹന്മാരാല്‍
കുടിയേറപെട്ട് കേരളത്തില്‍ വന്നു പെട്ട് പോയ 
ഒരു അര്‍ദ്ധ ഹിന്ദിക്കാരന്‍....
കലേശ്വര്‍...
പതിവ് പോലെ
വിളക്കുവയ്കാത്ത വരാന്തയില്‍
ബോഗന്‍ വില്ലയോട്  ചേര്‍ത്തിട്ട ചാര് കസേരയില്‍
തലമുറ കൈമാറിയ നിധി പോലെ
സൂക്ഷിച്ചു കൊണ്ടുവന്നു
പ്രതിഷ്ടിച്ച
തുളസികല്ലില്‍ നോട്ടം ചെല്ലുന്നത് പോലെ
അയാള്‍ ഇരുന്നു....



കലേശ്വറും  ............. കോമളയും 
ഇരു  ധ്രുവങ്ങളില്‍ ഇരുന്നു
ജീവിതത്തെ കാണുന്നു    
ഏഴു പതുകളിലെ  കാല്പനികതയോ , 
ഹിപ്പിസത്തിലെ ധിക്കാരിയുടെ കാതലോ
ഒക്കെ ഇഴ പിരിഞ്ഞു  കിടക്കുന്ന 
നേര്‍കാഴ്ച...............................   
പരിഭവമോ പരാതിയോ ഇല്ലാതെ........
തുളസിത്തറയിലെ തെച്ചി  

   
    

Wednesday, January 11, 2012

ഞങ്ങള്‍ വാഴൂര്‍ കോളേജിലെ ആയിരത്തി തൊള്ളായിരത്തി
തോന്നൂടി ഒന്ന്  - തൊണ്ണൂറ്റി നാല്  വര്‍ഷത്തെ 
പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്താന്‍
തീരുമാനിച്ചിരിക്കുന്നു
അക്കാലത്തെ
ബി എ , ബി കോം , ബി എസ്‌ സി  വിദ്യാര്‍ഥികള്‍ക്ക്
സ്വാഗതം