Thursday, September 6, 2012

അച്ഛന്റെ മരണശേഷം 21 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ വേര്‍പാട് സഹിക്കാന്‍ കഴിയുന്നില്ല.
മുറ തെറ്റാതെ എല്ലാ ദിവസവും;അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വപ്നത്തില്‍ വരുന്ന അച്ഛന്‍. 
ചോരതിളപ്പിന്റെ എന്തെങ്കിലും കുസൃതി കാണിച്ചാല്‍ നേര്‍ നീല്‍ക്കാനാവാത്ത നോട്ടം ഇപ്പോഴും മനസ്സില്‍ 
തികട്ടി വരും. വിദൂരമായ ഏതങ്കിലും സ്ഥലത്തേക്ക് യാത്ര പോവുമ്പോള്‍ കാണുന്ന ഓരോ കാഴ്ചയോടും  അച്ഛനെ  കണ്ടിട്ടില്ലല്ലോ എന്ന് വിഷമത്തോടെയും, പരിചിതമായ സ്ഥലങ്ങളില്‍ ഓരോ പുല്‍ നാമ്പിനോട് പോലും എന്റെ അച്ഛനെ അറിയുമോ എന്നും  മനസ്സുകൊണ്ട് ഒരു നൂറുവട്ടം ചോദിക്കാറുണ്ട്. വീട്ടിലേക്കു മടങ്ങുമ്പോള്‍ ഇറയത്ത് അച്ഛനെ പ്രതീക്ഷിക്കാത്ത ഒരു ദിവസം പോലുമില്ല.  മകന്‍ ഈയിടെ എന്നോട് പറഞ്ഞു ' അച്ഛന്റെ താടി രോമം  കൊണ്ട് എന്റെ കവിള്‍ കീറി പ്പോയി 'എന്ന്...പെട്ടെന്ന്  പത്തു മുപ്പത്തി അഞ്ചു വര്‍ ഷം പുറ കിലേക്ക്‌ പോയി ;ഒരു അഞ്ചു വയസ്സുകാരനായി ,അച്ഛന്റെ ആശ്ലേഷത്തില്‍ മുങ്ങിപ്പോയി  ഞാന്‍. ഒരു ജന്മം  തരാനുള്ള സ്നേഹ വാത്സല്യങ്ങള്‍  തന്നു അകാലത്തില്‍ അച്ഛന്‍ പോയി. എന്നെ കളിപ്പിക്കാന്‍ അച്ഛന്‍ എന്നും പറയാറുണ്ടായിരുന്ന ഒരു കാര്യമായിരുന്നു " നാളെ സ്കൂളില്‍ നിന്നും ടൂര്‍ ആണ് 4 ദിവസം അല്ലെങ്കില്‍ 5 ദിവസം കഴിഞ്ഞേ വരുകയുള്ളൂ" എന്ന്. അച്ഛന്‍ വീട്ടിലില്ലാതെ ഇരിക്കുന്ന സങ്കടം കൊണ്ട് ഞാന്‍ പിണങ്ങി ഇരിക്കും. പിറ്റേന്ന് അച്ഛന്‍ വരുന്ന  നേരം കഴിഞ്ഞു ഒളിച്ചു വന്നു എന്നെ കിക്കിലി  ഇടുന്ന അച്ഛനെ ആണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്വപ്നം  കാണുന്നത്. അത് സത്യമാണെന്ന് കരുതി  ഉണര്‍ന്ന ദിവസങ്ങള്‍ക്കു കയ്യും കണക്കുമില്ല. കണ്ണീരിന്റെ നനവ്‌ പടരാതെ അച്ഛനെ എനിക്കോര്‍മിക്കാന്‍ കഴിയില്ല; അല്ല മറന്നെങ്കിലല്ലേ ഒര്മിക്കേണ്ടത് ഉള്ളൂ.            

No comments: