Sunday, August 20, 2017

സിന്ദൂരരേഖയിൽ.......

മഴ പെയ്തൊഴിഞ്ഞ ഒരു സായാഹ്നം.
ഉച്ചമയക്കം കഴിഞ്ഞുണർന്ന ആലസ്യത്തിലായിരുന്നു കലേശ്വർ.

അവ്യക്തമായ ഒരു പകൽ സ്വപ്നം അയാളുടെ മനസ്സിനെ മഥിച്ചു കളഞ്ഞു.
'

ചുട് കി ഭർസിന്ദൂര് സേ തും....
അബ് യേ മാംഗ്സരാ ഭർലോ....!

ഒരു കയ്യിൽ സിന്ദൂരച്ചിമിഴ് നീട്ടി പ്രിയതമനോട് സുമംഗലീ തിലകം അണിയിക്കാൻ ആവശ്യപ്പെടുന്ന ആർദ്രയായ നായിക......
അകത്ത് ചന്ദ്രു വിന്റെ റേഡിയോയിൽ വിവിധ് ഭാരതിയിൽ കേൾക്കുന്ന
  ഗാനമാണ്.

ലാക് ടോകലാമിന്റെ മൃദു സുഗന്ധം ചുറ്റും നിറയുന്നു.....
ഓർമ്മിച്ചെടുക്കാൻ പാടുപെടുന്ന  ആ പകൽ സ്വപ്നം ഇടനെഞ്ചിൽ വീണു പിടയുന്നുണ്ട്.

കലേശ്വർ ആകെ അസ്വസ്ഥനായി.

തണുത്തു തുടങ്ങിയ കാപ്പി കുടിച്ചിട്ട് വീണ്ടും ചാരിക്കിടന്ന്  കണ്ണുകളടക്കവേ
ഓർമ്മകളുടെ ആൽബം മെല്ലെ തുറന്നു പരതുകയായിരുന്നു അയാളുടെ മനസ്സ്.

.................ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന പുസ്തങ്ങൾക്കരികിൽ രഞ്ജിനിയുടെ വീട്ടിൽ അവളെ സന്തോഷിപ്പിക്കാൻ മാത്രമായി കുടിച്ചു കൊണ്ടിരുന്ന ലസ്സി ഗ്ലാസ്സുമായി കലേശ്വർ അവളെത്തന്നെ നോക്കിയിരുന്നു.

 മലയാളം വിശ്വനാഥൻ സാർ ഘനഗംഭീര ശബ്ദത്തിൽ  '"വിധുമുഖിയുടെ രൂപമധുരിമ.....''
വർണ്ണിക്കുന്നതിനിടെ  ആവർത്തിച്ചു പറഞ്ഞാടിയ
വിധുരത വന്നു കൃത്യ ചതുരത പോയി എന്ന പദം അയാൾ മെല്ലെ മൂളി.

ഏതോ ഒരു റെക്കോർഡ് എഴുതിക്കൊണ്ടിരുന്ന അവൾ അയാൾക്കരികിലേക്ക് വന്നു'.

മുഖത്തേയ്ക്ക് വീണ മുടി മാടിയൊതുക്കി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

നിഷ്കളങ്കത  സ്ഫുരിക്കുന്ന   കണ്ണുകളും അല്പം വിടർന്ന ചൊടികൾക്കിടയിൽ മനോഹര ദന്തനിരയും, ഇളം' പച്ച നിറമുള്ള നനുത്ത രോമരാജികൾ സ്വേദകണങ്ങൾ പൊടിഞ്ഞങ്ങനെ....
കൂടെ അവളുടെ മാദകഗന്ധവും......
കലേശ്വർ സങ്കല്പലോകത്തായിരുന്നു..
അവൾ അയാളെ തട്ടി വിളിച്ചു...
ഒരു കുഞ്ഞിനെ എന്ന പോലെ ആ മൃദുവസന്തത്തെ അയാൾ മാറോട് ചേർത്തു.'
അതേയ്...
നാളെ എന്നെ അങ്കലേശ്വറിൽ കൊണ്ടു പോകാമോ...?
അവൾ ചോദിച്ചു..
എന്തോ പ്രൊജക്ടാണത്രേ...
അയാൾ സമ്മതിച്ചു.
അല്ലെങ്കിലും ഓരോ അണുവും രഞ്ജിനീരാഗ വായ്പിൽ
മുഴുകിയിരുന്ന കാലത്ത് അയാൾ പോയില്ലായിരുന്നുവെങ്കിലേ അത്ഭുതമുള്ളൂ...

അങ്ങനെയാണ് ഒരുമിച്ച് ഒരു മഴയാത്ര നടന്നത്.
അങ്കലേറിൽ എത്തിയ ഉടനേ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞ് അവൾ നീട്ടിയ കയ്യിൽ ഒരു സിന്ദൂരച്ചെപ്പ്.....
അതിൽ ഒരു നുള്ള് അയാൾ അവളുടെ സീമന്തരേഖയാൽചാർത്തിക്കൊടുത്തു' -
അങ്കലേശ്വറിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നകന് ഉൾപ്രദേശങ്ങളിലേയ്ക്ക്....
ഒരു കൊച്ചു കുട്ടിയുടെ ആകാംക്ഷയോടെ അയാളുടെ കൈയിൽത്തൂങ്ങി, ചിലപ്പോൾ  ഇനി നടക്കാൻ വയ്യെന്ന് പറഞ്ഞ് ചിണുങ്ങി, ഒടുവിൽ ലോഡിറക്കി മടങ്ങിയ ഒരു ലോറിയിൽ......

തിരികെ ഭറൂച്ചിൽ എത്തുമ്പോൾവഴി ബ്ലോക്കായി.
നല്ല മഴയും.... മഴത്തുള്ളികൾ പടർത്തിയ സിന്ദൂരം അവ ളു ടെ മുഖമാകെ ചെന്നിറം പൂശി.

ബസ്സിൽ മിക്കവരും പുതപ്പൊക്കെ പുതച്ച് തണുപ്പകറ്റാൻ ശ്രമിക്കുന്നു.
കലേശ്വറിന്റെ മേലൊട്ടി ഒരു മാൻപേടയേപ്പോലെ രഞ്ജിനിയും

ഇനി നല്ല മഴയത്ത് നമുക്ക് നർമ്മദ യുടെ പാലത്തിൽ പോകണം.....

ശക്തി പ്രാപിച്ചു തുടങ്ങിയ മഴയും വീശിയടിച്ച 'കാറ്റും കലേ 'ശ്വറിനെ ചിന്തകളിൽ നിന്നുയർത്തി.
അങ്ങകലെ ചക്രവാളത്തിൽ മറയുന്ന സൂര്യനും ഓർമ്മകളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തിക്കൊണ്ടിരുന്നു...
ലാക്ടോ കലാമിൻ സുഗന്ധം  തനിക്കു ചുറ്റും പതറി നിൽക്കുന്നതായി കലേശ്വറിന് തോന്നി